
കളമശ്ശേരി : സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് ക്ഷാമം രൂക്ഷമായിട്ട് മാസങ്ങളായി. സര്‍ജറി നടത്തണമെങ്കില്‍ സര്‍ജിക്കല്‍ ഉപകരണങ്ങളും തുന്നിക്കൂട്ടാനുള്ള നൂലും രോഗികള്‍ വാങ്ങി നല്‍കേണ്ട അവസ്ഥയാണ്. ആരോഗ്യ കേരളത്തെ തകർത്ത ആരോഗ്യ മന്ത്രിയാണ് ഇന്നുള്ളതെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി കളമശ്ശേരി മെഡിക്കൽ കോളേജിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉത്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു . സർക്കാർ ആശുപത്രികളോട് പിണറായി സർക്കാർ കാണിക്കുന്ന അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ കളമശ്ശേരി മെഡിക്കൽ കോളേജിന് മുന്നിലാണ് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ധർണ്ണ സംഘടിപ്പിച്ചത്.
മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് മരുന്ന് വിതരണക്കാര്‍ക്ക് കോടികള്‍ കുടിശിക വരുത്തിയതാണ് സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് കാരണം. എന്നിട്ടാണ് സ്വകാര്യ ആശുപത്രികളിലേതു പോലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വേഗത്തില്‍ മരുന്ന് വാങ്ങാന്‍ പറ്റില്ലെന്ന പച്ചക്കള്ളം മന്ത്രി പറയുന്നത്. ആശുപത്രികള്‍ക്ക് വേണ്ട മരുന്നുകള്‍ മുന്‍കൂട്ടി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ അറിയിച്ച് കരാര്‍ നല്കി സംഭരിക്കുന്ന രീതിയാണ് സര്‍ക്കാര്‍ കാലങ്ങളായി ചെയ്തിരുന്നത്. 2024-25-ല്‍ മരുന്നു വാങ്ങാന്‍ 934 കോടി രൂപ വേണ്ടിടത്താണ് 356 കോടി രൂപ മാത്രം ബജറ്റില്‍ വകയിരുത്തിയത്. ഇതിനു പുറമെ 150 കോടി കൂടി നല്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം മരുന്ന് വിതരണത്തിന് 427 കോടി രൂപ നല്‍കാനുണ്ട്. മരുന്ന് വാങ്ങാന്‍ പോലും കാശില്ല.
ഈ സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ എന്തൊക്കെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണം. പാവങ്ങള്‍ക്ക് മരുന്ന് വാങ്ങി നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനാ പട്ടിയകയില്‍ ഇല്ലേ? അതോ പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കലാണോ നിങ്ങളുടെ മുന്‍ഗണന? സംസ്ഥാനത്ത് ധന പ്രതിസന്ധിയാണെന്ന് പറയുന്നത് വികസന വിരോധികളാണെന്നാണ് മുഖ്യമന്ത്രി നിലമ്പൂരില്‍ പ്രസംഗിച്ചത്. മോദിയെ വിമര്‍ശിച്ചാല്‍ ദേശവിരുദ്ധരും പിണറായി വിമര്‍ശിച്ചാല്‍ വികസന വിരുദ്ധരുമാകുന്ന കാലമാണിത്. ധനപ്രതിസന്ധി ഇല്ലെങ്കില്‍ മരുന്ന് വാങ്ങാനുള്ള പണം നല്കാന് മുഖ്യമന്ത്രി തയാറാകണം. ആരോഗ്യ വകുപ്പിന്റെ 152 കോടി ബജറ്റ് വിഹിതം 90 കോടിയായി വെട്ടിക്കുറച്ചെന്ന് ആരോഗ്യമന്ത്രി തന്നെയാണ് നിയമസഭയില്‍ മറുപടി നല്‍കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 401 കോടി ബജറ്റി വിഹിതം 254 കോടിയായി വെട്ടിക്കുറച്ചു. ഡോ. ഹാരിസ് തിരുവനന്തപുരത്ത് വിവാദമുണ്ടാക്കിയപ്പോള്‍ മാത്രമല്ല കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ വിഷയം പ്രതിപക്ഷം നിയമസഭയിലും പുറത്തും ഉന്നയിച്ചതാണ്.
തിരഞ്ഞെടുപ്പിന് വേണ്ടി ആരോഗ്യ വകുപ്പില്‍ പി.ആര് ഏജന്‍സിയെ ഉപയോഗിച്ച് വന്‍ പ്രചരണമാണ് നടത്തിയത്. അതിന്റെ ഭാഗമായി കോവിഡ് മരണങ്ങള് പോലും മറച്ചുവച്ചു. ഇതേക്കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ ചോദിച്ചപ്പോള്‍ ചക്കവീണ് ചത്തവരെല്ലാം കോവിഡ് മരണങ്ങളുടെ കൂട്ടത്തില്പ്പെടുമോയെന്ന പരിഹാസമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയില്‍ നിന്നുണ്ടായത്. എസ്.എഫ്.ഐയുടെ നേതാവ് പി.കെ ബിജു ഉള്‍പ്പെടെയുള്ളവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നിട്ടും സര്‍ക്കാര്‍ കണക്കില്‍ അദ്ദേഹത്തിന്റെ പേര് മറച്ചുവച്ചു. ഏറ്റവും കുറവ് കോവിഡ് രോഗികളും മരണങ്ങളും ഉണ്ടായിരുന്ന സംസ്ഥാനമാണ് കേരളമെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇപ്പോള്‍ ഇവര്‍ ഒളിപ്പിച്ചുവച്ച 27000 മരണങ്ങള് കൂടി പുറത്തുവന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ച സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ പകര്‍ച്ചവ്യാധികളുള്ള സംസ്ഥാനവും കേരളമാണ്. ഇതാണ് ആരോഗ്യ കേരളത്തിന്റെ സ്ഥിതി. കോവിഡിന് ശേഷം മരണനിരക്ക് വര്‍ധിച്ചതിനെ കുറിച്ച് പോലും ഈ സര്‍ക്കാര്‍ പഠിക്കുന്നില്ല. പ്രതിപക്ഷം പറയുന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് അന്ന് ആരോഗ്യമന്ത്രി പറഞ്ഞത്.
സര്‍ക്കാര്‍ ആശുപത്രി നന്നായതു കൊണ്ട് രോഗികള്‍ കൂടിയെന്നാണ് മന്ത്രി പറയുന്നത്. സ്വകാര്യ ആശുപത്രികളെ ചികിത്സാ ചെലവ് വര്‍ധിച്ചതാണ് രോഗികള്‍ കൂടാന്‍ കാരണം. രോഗികള്‍ കൂടിയതിന് അനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. എല്ലാ സര്‍ക്കാര്‍ ആശുപത്രികളും മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും സതീശൻ പറഞ്ഞു . ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് യോഗത്തിൽ അധ്യക്ഷനായിരുന്നു. എംഎൽഎമാരായ അൻവർ സാദത്ത്, ടി ജെ വിനോദ്, എൽദോസ് കുന്നപ്പള്ളി, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, നേതാക്കളായ ജോസഫ് വാഴക്കൻ, എൻ വേണുഗോപാൽ, കെ പി ധനപാലൻ, ഡൊമിനിക് പ്രസന്റേഷൻ, ജയ്സൺ ജോസഫ്, കെ ബി മുഹമ്മദ് കുട്ടി, ഐ കെ രാജു, ടോണി ചമ്മണി , എം ആർ അഭിലാഷ് ജമാൽ മണക്കാടൻ, കെ കെ ഇബ്രാഹിംകുട്ടി, സുനില സിബി, മധു പുറക്കാട്, ജിന്റോ ജോൺ, മനോജ് മൂത്തേടൻ, ബാബു പുത്തനങ്ങടി, അബ്ദുൾ ലത്തീഫ്, കെ വി പോൾ, ബെയ്സിൽ പോൾ , പി എം നജീബ്, ഷംസു തലക്കോട്ടിൽ തുടങ്ങിയവർ സംസാരിച്ചു
Photo Courtesy - Google








